'എണ്ണ'യിൽ ഒടുങ്ങാത്ത ഓണ വിശേഷങ്ങൾ!


എന്റെ കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമകളിലെ മായാത്ത രുചി ആയിരുന്നു നേന്ത്രക്കായ ഉപ്പേരി. പൂത്തുമ്പിയും പൂവിളിയും മാത്രമല്ല അടുക്കളയിലെ എണ്ണച്ചട്ടിയിൽ നിന്ന് അമ്മ വറുത്തു കോരുന്ന കായ ഉപ്പേരിയുടെ മണവും സ്വാദുമെല്ലാം ഓണം വന്നെത്തി എന്ന പ്രതീതി തന്നിരുന്നു. ഇന്നും വീട്ടിലുണ്ടാക്കുന്ന ഉപ്പേരിതന്നെ ആണ് എനിക്ക് പ്രിയം. എങ്കിലും വഴിയോരങ്ങളിലെ ചിപ്സ് കടകളിൽ തിളച്ചുമറിയുന്ന എണ്ണയിലേക്കു നേർമയായി അരിഞ്ഞുവീഴുന്ന നേന്ത്രകഷണങ്ങൾക്കും അവയെ കോരിയെടുത്തു വായുവിൽ അമ്മാനമാടിക്കുന്ന കരവിരുത്തിനും ഒരു മാസ്മരികഗന്ധത്തോടെ വഴിപോക്കരെ തങ്ങളിലേക്കു വലിച്ചടുപ്പിക്കുന്ന പൊന്നിൻ നിറമുള്ള ഉപ്പേരിക്കൾക്കും ഞാനുൾപ്പടെ ഉള്ള നമ്മൾ മലയാളികൾ അറിഞ്ഞോ അറിയാതെയോ അടിമപ്പെട്ടുപോകാറുണ്ട്. രുചിയിൽ മാത്രമല്ല ആദായം നൽകുന്നതിലും മുൻപന്തിയിലാണ് ഇവിടുത്തെ ചിപ്സ് വിപണി. മരച്ചീനി, ചക്ക, ചേന പിന്നെ നേന്ത്രക്കായ, ഇവയ്‌ക്കെല്ലാംകൂടി ഒരു വർഷം 600 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉള്ളത്. ചിപ്സിന്റെ മാറ്റ് കൂട്ടുന്നത് അവ തയാറാക്കുന്ന എണ്ണ തന്നെ ആണ്. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന ചിപ്സ് തന്നെ ആണ് ഏവർക്കും പ്രിയപ്പെട്ടത്. മറ്റുള്ള എണ്ണകളും (ഉദാ. പാം ഓയിൽ, സൺഫ്ലവർ ഓയിൽ) ചിപ്സ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഒരുദിവസം ശരാശരി 20 ലിറ്ററോളം എണ്ണയാണ് ഒരു കടയിൽ ഇതിനായി ഉപയോഗിക്കുന്നത്. ഒരു ദിവസത്തിൽ പലപ്രാവിശ്യം ഈ എണ്ണ ചൂടാക്കുകയും അതിൽ അനേകം തവണ ചിപ്സ് ഉണ്ടാക്കുകയും ചെയ്യും. ദിവസത്തിന്റെ അവസാനം ഈ എണ്ണയുടെ അളവ് കുറയും. അടുത്ത ദിവസം പുതിയ എണ്ണ ആണ് ഉപയോഗിക്കേണ്ടതെങ്കിലും തലേ ദിവസം ഉപയോഗിച്ച എണ്ണയിലേക്ക് കുറച്ചു പുതിയ എണ്ണ കൂടി ഒഴിച്ച് ഉപ്പേരി ഉണ്ടാക്കുകയാണ് ഭൂരിഭാഗം ഭാഗം കടക്കാരും ചെയ്യുക. രണ്ടോ മൂന്നോ ദിവസങ്ങൾക്കുശേഷം മാത്രമാണ് ഈ എണ്ണ മാറ്റി പുതിയത് ഉപയോഗിക്കുന്നത്. പാഴായിപോകുന്ന ഈ പഴയ എണ്ണയെ വേസ്റ്റ് കുക്കിംഗ് ഓയിൽ എന്നാണ് പറയുക. ഇവയുടെ നിർമാർജനം ഒരു വലിയ വെല്ലുവിളി ആണ്. ഒരു ദിവസം 10 മുതൽ 20 ലിറ്ററോളം ഉപയോഗ ശൂന്യമായ എണ്ണ ഒരു കടയിൽ നിന്ന് ലഭിക്കും. അപ്പോൾ കേരളത്തിലുടനീളം ഒരു ദിവസം ഉണ്ടാകുന്ന വേസ്റ്റ് കുക്കിംഗ് ഓയിലിന്റെ അളവ് എത്രത്തോളം വലുതാവുമെന്നു ഊഹിക്കാവുന്നതേഉള്ളൂ.

പാഴായിപോകുന്ന ഈ എണ്ണയുടെ ഏറ്റവും നല്ല സംസ്കരണ രീതിയാണ് അവയെ മൂല്യവർധിത ഉൽപ്പന്നമായ ജൈവഡീസൽ ആയി മാറ്റുക എന്നുള്ളത്. വേസ്റ്റ് കുക്കിംഗ് ഓയിലിനെ ബയോഡീസൽ ആക്കി മാറ്റുക എന്നത് വളരെ വിജയകരം ആയതും ബ്രിട്ടൻ, ചൈന, യൂ.എ.ഇ എന്നീ രാജ്യങ്ങളിൽ പ്രാവർത്തികമാക്കിയിട്ടുള്ളതുമായ ഒരു സാങ്കേതികവിദ്യ ആണ്. ഒരു ദിവസം കേരളത്തിൽ ഉണ്ടാകുന്ന വേസ്റ്റ് കുക്കിംഗ് ഓയിലിൽ നിന്നു മാത്രം ടൺ കണക്കിന് ബയോഡീസൽ ഉൽപാദിപ്പിക്കാം. എണ്ണ കമ്പനികൾ ചെറുകിട ഉൽപാദകരിൽ നിന്നും മോഹവിലയ്ക്ക് ജൈവഡീസൽ വാങ്ങാൻ തയാറായി നിൽകുമ്പോൾ, പാഴായി പോകുന്ന ഈ വേസ്റ്റ് കുക്കിംഗ് ഓയിലിന്റെ വിപണന സാധ്യതകളെ കുറി ച്ച് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഓണക്കാലത്ത് മാത്രമല്ല വർഷം മുഴുവനും സജീവമായി നിൽക്കുന്ന ഒന്നാണ് ചിപ്സ് വിപണി. അതുകൊണ്ടു തന്നെ ചിപ്സ് കടകളിൽ നിന്ന് ലഭിക്കുന്ന വേസ്റ്റ് കുക്കിംഗ് ഓയിലിന് ദൗർലഭ്യം ഉണ്ടാവില്ല. കേരളത്തിൽ ഉടനീളം ഉള്ള ഹോട്ടലുകൾ, ചായക്കടകൾ, തട്ടുകടകൾ എന്നിവയിൽ നിന്നും ദിനം തോറുംപുറം തള്ളുന്ന വേസ്റ്റ് കുക്കിംഗ് ഓയിൽ കൂടികണക്കിൽ എടുത്താൽ, അവയിൽ നിന്നുള്ള ജൈവഡീസൽ ഉല്പാദനത്തിന്റെ സാധ്യതകൾ എത്രത്തോളം വലുതാവുമെന്നു മനസ്സിലാകും. സ്വാദും വൈവിധ്യവും മാത്രമല്ല ആദായം ഉള്ള ഒരു നൂതന വ്യവസായ സാധ്യത കൂടി നമ്മുടെ തനതു രുചിപ്പെരുമയുടെ പിന്നാമ്പുറങ്ങക്ക് ഉണ്ടെന്നു ഈ ഓണക്കാലം നമ്മളെ ഓർമിപ്പിക്കട്ടെ. എല്ലാവര്ക്കും ഇന്ദ്രിയം ബയോളജിക്സിന്റെ ഹൃദ്യമായ പൊന്നോണ ആശംസകൾ.

ഡോ. ദീപു കൃഷ്ണൻ